Gangotri
- sreenath e.p
- Jun 8
- 3 min read

ഭഗീരഥ പ്രയത്നം എന്നു കേട്ടിട്ടില്ലേ, കപില മുനിയുടെ ശാപമേറ്റ് ബഗീരഥന്റെ വംശത്തിലെ മുഴുവൻ പേരും മരണമടഞ്ഞു. തന്റെ വംശത്തിലുള്ളവർക്ക് മോക്ഷം കിട്ടാനായി ഭാഗീരഥൻ നൂറ്റാണ്ടുകളോളം ബ്രഹ്മാവിനെ തപസ്സ് ചെയ്തു. പ്രത്യക്ഷപ്പെട്ട ബ്രഹ്മാവ്, ഗംഗാ ദേവിയെ ഭൂമിയിൽ കൊണ്ടുവന്ന് കർമ്മം ചെയ്യുകയാണ് ഏക വഴി എന്ന ഉപദേശം ലഭിച്ചു. അങ്ങിനെ ഗംഗാ ദേവിയുടെ പ്രീതിക്കായി 1000 വര്ഷം തപസ്സ് ചെയ്തു, ഗംഗ പ്രത്യക്ഷയായി, എന്നാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിൽ വീഴുന്ന തന്നെ താങ്ങാൻ ഭൂമിക്ക് കഴിയില്ല എന്നും ഭൂമി തകർന്നു പോകും എന്നും ഒഴുക്കിന്റെ ശക്തിയെ കുറക്കാൻ പരമേശ്വരന് മാത്രമേ കഴിയൂ എന്നും ഗംഗാദേവി പറഞ്ഞു. അങ്ങിനെ പരമേശ്വര പ്രീതിക്കായി ഭഗീരഥൻ വീണ്ടും വർഷങ്ങൾ തപസ്സ് ചെയ്തു. പരമേശ്വരൻ ഗംഗയുടെ ശക്തിയെ നിയന്ത്രിക്കാൻ തന്റെ തലയിലേക്ക് ഗംഗയെ സ്വീകരിച്ചു. പരമേശ്വരന്റെ ജടയിൽ നിന്നും പുറത്തു കടക്കാൻ ഗംഗയ്ക്ക് കഴിഞ്ഞില്ല, പുറത്തു കടക്കാനാകാതെ ഗംഗയും ഗംഗയെ കിട്ടാതെ ഭഗീരഥനും കുഴങ്ങി, വീണ്ടും വർഷങ്ങൾ പരമേശ്വരനെ തപസ്സ് ചെയ്താണ് ഗംഗയെ മോചിപ്പിച്ചു ഭൂമിയിൽ എത്തിച്ചത്. ഭൂമിയിൽ എത്തിയ ഗംഗയുടെ ഒഴുക്കിൽ ജാഹ്നു മഹർഷിയുടെ ആശ്രമം തകർന്നുപോയി. കുപിതനായ മഹർഷി ഗംഗാദേവിയെ കമണ്ഡലുവിൽ കോരിയെടുത്തു കുടിച്ച് അപ്രത്യക്ഷയാക്കി. ജാഹ്നു മഹർഷിയുടെ പ്രീതിക്കായി വീണ്ടും ഭഗീരഥൻ തപസ്സു ചെയ്തു, അങ്ങിനെ ഗംഗ ഭൂമിയിൽ എത്തുകയും തന്റെ കുലത്തിലുള്ളവർക്ക് ശാപമോക്ഷം ലഭിക്കുകയും ചെയ്തു. ലക്ഷ്യപ്രാപ്തിക്കായി കഠിന പ്രയത്നം ചെയ്ത ഭഗീരഥന്‍ കര്‍മ്മത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രതീകമായി. അങ്ങിനെ ഗംഗാ ദേവി ഭൂമിയിൽ പതിഞ്ഞ പുണ്യ സ്ഥലമാണ് ഗംഗോത്രി. ഗംഗാ ജലം ആദ്യമായി ഭൂമിയിൽ വീണു എന്ന് സങ്കൽപ്പിക്കുന്നു സൂര്യകുണ്ഡും, ഭഗീരഥൻ തപസ്സു ചെയ്ത ഭഗീരഥ ശിലായുമൊക്കെ ഇന്നും ഗംഗോത്രിയിൽ പോയാൽ നമുക്ക് കാണാം. ഗംഗോത്രിയിൽ ഗംഗാനദിയെ ഭാഗീരഥി എന്നാണ് വിളിക്കുക. ജാഹ്നു മഹർഷിയുടെ അനുഗ്രഹം ലഭിച്ചതിനാൽ ജാഹ്നവി എന്നും ഗംഗാദേവി അറിയപ്പെടുന്നു. മാർബിൾ പോലെ മിനുസമുള്ള കല്ലുകൾക്കിടയിലൂടെ വലിയ ആഴത്തിലേക്ക് വീഴുന്ന സൂര്യകുണ്ഡ് എത്ര കണ്ടാലും മതിവരാത്ത അത്ഭുതമാണ്. ഭൂമിയിൽ ആദ്യം സൂര്യ രശ്മികൾ പതിക്കുന്നത് ഇവിടെയാണത്രെ. സൂര്യനുദിക്കുന്നതിനും ചുരുങ്ങിയത് രണ്ടുമണിക്കൂർ മുൻപ് തന്നെ ഇവിടെ സൂര്യ രശ്മികൾ പതിയും.
ഗംഗാ നദി, ഈ രാഷ്ട്രത്തിന്റെ എല്ലാമാണ്. ഗംഗ കേവലം നദിയല്ല അമ്മയാണ്. ഗംഗാമാതാവ്. ഗംഗപോലെ പവിത്രമാണ്, ഗംഗ പോലെ ശുദ്ധമാണ് എന്നാണ് നമ്മൾ പറയുക. ഈ ഭാരതത്തിൽ ചെയ്യുന്ന ഓരോ വിശിഷ്ട കർമ്മത്തിലും ഗംഗയുണ്ട്. ഏതു നാട്ടിലായാലും ഗംഗാ നദിയിലാണ് കുളിക്കുന്നത് എന്നു സങ്കല്പിച്ചാണ് നമ്മൾ എന്നും കുളിക്കുന്നത്. ഗംഗേ ച യമുനൈ ചൈവ ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി തീർഥേസ്മിൻ സന്നിധിം കുരു. എന്ന് കുളിക്കുന്ന വെള്ളത്തിൽ തൊട്ട് മന്ത്രം ചൊല്ലി ഗംഗയും യമുനയും ഉൾപ്പെടുന്ന സപ്ത നദികളിലെയും തീർത്ഥങ്ങളെ ആ വെള്ളത്തിലേക്ക് ആവാഹിച്ചാണ് നമ്മളോരുത്തരും എന്നും രാവിലെ കുളിക്കുന്നത്. അതാണ് മാഗംഗയും ഇവിടുത്തെ ഓരോ വ്യക്തിയും തമ്മിലുള്ള ബന്ധം.
ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലാണ് ഗംഗാ മാതാവിന്റെ ഉത്ഭവ സ്ഥാനം. ഉത്തരാഖണ്ഡിലെ ചോട്ടാ ചാർ ധാം യാത്രയിലെ നാലു പുണ്യസ്ഥലങ്ങളിൽ ഒന്ന്. കേദാർനാഥ്, ബദ്രി നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാർ ധാം - നാലു പുണ്യസ്ഥലങ്ങൾ. ഗംഗോത്രിയിൽ നിന്നും ഇരുപത് കിലോമീറ്ററോളം മേലെ ഗോമുഖിൽ ആണ് ഗംഗാ നദിയുടെ ശരിയായ ഉത്ഭവം. വളരെ കഠിനമായ യാത്രയാണ് ഗംഗോത്രിയിൽ നിന്നും ഗോമുഖിലേക്ക്, സാധാരണ ഗതിയിൽ പോവുക വിഷമകരമാണ്. ദിപാവലി കഴിഞ്ഞാൽ ഗംഗോത്രിയിലെ ക്ഷേത്രം അടക്കും, ദേവിയെ അവിടുന്ന് മുഖ്ബ എന്ന ഗ്രാമത്തിലേക്ക് എഴുന്നള്ളതായി കൊണ്ടുപോകും, അവിടെയാണ് പിന്നീടുള്ള ആറുമാസം ഗംഗാദേവി കുടികൊള്ളുക.
ഗംഗാ നദിയുടെ ഏറ്റവും പരിശുദ്ധമായ സ്ഥലമായത് കൊണ്ട് തന്നെ ഗംഗോത്രി ഒരുപാട് ആശ്രമങ്ങളുടെയും സമാധികളുടെയും സ്ഥാനം കൂടെയാണ്. ഗംഗാദേവിയുടെ രൗദ്രാരാവവും കിളികളുടെ നാദവുമല്ലാതെ മറ്റൊന്നും ആ പ്രദേശത്തു കേൾക്കില്ല. ഗൗരി കുണ്ഡിന് തൊട്ടടുത്തുള്ള ഓംകാർ ആശ്രമത്തിലാണ് ഞങ്ങൾ താമസിച്ചത്. പരിമിതമായ സൗകര്യങ്ങൾ ഉള്ള മനോഹരമായ ഒരു ചെറിയ ആശ്രമം. ഒരു യുവ സന്യാസിയാണ് ഇപ്പൊ ആശ്രമം നോക്കുന്നത്. മഹാത്മാക്കളായ ചില സന്യാസിമാർ മറ്റൊന്നും ശ്രദ്ധിക്കാതെ പൂജയിലും ധ്യാനത്തിലുമൊക്കെ നിരതരായി ഇരിക്കുന്നത് കാണാമായിരുന്നു. ആശ്രമ മുറ്റത്തെ ആപ്പിൾ മരങ്ങളിൽ ചുവന്നതും പച്ചയും ആപ്പിളുകൾ തൂങ്ങി നിൽക്കുന്നത് കാണാം. ഒരുപാട് മഹാത്മാക്കളുടെ സമാധിയും അവിടെയുണ്ട്. ഇവിടെ അടുത്ത് രണ്ടു പ്രധാന ഗുഹകൾ ഉണ്ട്, പാതാള ഗുഹയും, പാണ്ഡു ഗുഹയും, പോയി കണ്ടിട്ട് വരൂ യുവ സന്യാസി പറഞ്ഞു. ആശ്രമത്തിലെ അന്തേവാസിയായ തപിരാജ് എന്ന നേപ്പാളിസ്വദേശി ഞങ്ങളോടൊപ്പം വന്നു. ഗംഗോത്രിയിലെ ഓരോ ചെടികളുടെ പേരുപോലും തപിരാജിന് അറിയാം. മൂന്ന് നാല് കിലോമീറ്റർ നടന്നിട്ടാണ് ഞങ്ങൾ പാണ്ഡവ ഗുഹയിൽ എത്തിയത്. വനവാസക്കാലത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നത്രെ. വഴിയിലെ പല കാഴ്ചകളും ആനന്ദകരവും അത്ഭുതകരവുമായിരുന്നു. ദേവതാരു മരത്താൽ സമൃദ്ധമായ ഗംഗാതടം. ഗംഗാ തുളസിയേയും കാണാം നിറയെ. ഗംഗാ തുളസി കയ്യിലെടുത്തു ഒന്ന് ഞെരിച്ചു മണത്താൽ കൂടുതൽ ഓക്സിജൻ കിട്ടുമത്രേ, മഞ്ഞുവീഴുന്ന കാലത്തു ഓക്സിജൻ കിട്ടാതെ കഷ്ടപ്പെടുമ്പോൾ അങ്ങിനെ ചെയ്താൽ ആശ്വാസം ലഭിക്കും. ഞങ്ങളുടെ മുന്നിൽ നടന്നു വഴികാണിച്ചു തരാൻ എവിടോന്നൊ കൂടിയ രണ്ടു ശ്വാന സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. പാണ്ഡവ് ഗുഹയിൽ രണ്ടു മഹാത്മാക്കൾ ഇരിക്കുന്നുണ്ടായിരുന്നു. പലരും വന്നു പോകുന്നുണ്ടെങ്കിലും ആരോടും പ്രത്യേകമായ ഒരു പരിഗണനയും കാണിക്കാതെ എല്ലാവരോടും ഒരേപോലെ അദ്ദേഹം പെരുമാറുന്നു. കാലിൽ തൊട്ടു വന്ദിച്ചപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും വിഭൂതിയെടുത്ത് എന്റെ നെറ്റിയിൽ തൊട്ടു, നമസ്കരിക്കാൻ കുനിഞ്ഞപ്പോ സ്നേഹത്തോടെ പുറത്തു രണ്ടടിയും വച്ചു തന്നു. ആ ഹോമകുണ്ഡം വര്ഷങ്ങളായി അണയാതെ കത്തിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ഭക്ഷണം ഉണ്ടാക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം അതേ ഹോമകുണ്ഡത്തിൽ തന്നെ. മഞ്ഞു മൂടുന്ന തണുപ്പിലും ആ വൃദ്ധസന്യാസി അവിടെത്തന്നെയാണ് താമസിക്കാറ്. പാറക്കെട്ടുകൾക്കിടയിലൂടെ കയറിൽ തൂങ്ങിയിറങ്ങിയാണ് പാതാള ഗുഹയിൽ എത്തിയത്. സന്യാസിമാരെയൊന്നും കാണാൻ പറ്റിയില്ല എങ്കിലും അതും മഹാത്മാക്കൾ ധ്യാനമിരിക്കുന്ന ഒരു പുണ്യസ്ഥലമാണ്. ത്രിശൂലത്തിന്റെ രൂപത്തിലുള്ള പാറപ്പുറവും, ഏതോ വലിയ ആകാരമുള്ള പുരുഷന്റെ കാൽപ്പാടുകളും ഒക്കെ സമീപത്തായി കണ്ടു.
എത്രയെത്ര മഹാത്മാക്കൾ ഈ പവിത്രമായ ഗംഗാതീരത്ത് അത്യന്തമായ ആനന്ദം തേടി വന്നിരിക്കാം, എത്രയെത്ര മഹാത്മാക്കൾ ഈ പുണ്യ നദിയിൽ ജലസമാധി നേടിയിരിക്കാം, എത്രയെത്ര സമാധികൾ ഇന്നും ഈ മണ്ണിനടിയിൽ ഇരുന്ന് നമ്മൾക്ക് ചൈതന്യം നല്കുന്നുണ്ടാവാം. ഒരു നിമിഷം അങ്ങിനെ ആലോചിച്ചപ്പോ ആ മണ്ണിൽ ചവിട്ടി നില്ക്കാൻ പോലും പ്രയാസം തോന്നി..
ജഗദ്ഗുരു ശങ്കരാചാര്യർ ഗംഗാ സ്തോത്രത്തിൽ വർണിച്ചത് ഇങ്ങിനെയാണ്, ഹേ ജാഹ്നവി ദേവി! നീ കരുണാമയിയാണ്. നിന്റെ പവിത്രമായ ജലം കൊണ്ട് ഭക്തരെ നീ ശുദ്ധീകരിക്കുന്നു. നിന്റെ പാദങ്ങൾ ഇന്ദ്രന്റെ കിരീടത്തിലെ രത്നങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. നിന്നിൽ അഭയം പ്രാപിക്കുന്നവർ സുഖസമൃദ്ധി പ്രാപിക്കുന്നു.
അല്ലയോ ഭഗവതി! എന്റെ രോഗങ്ങൾ, ദു:ഖങ്ങൾ, ബുദ്ധിമുട്ടുകൾ, പാപങ്ങൾ, തെറ്റായ ചിന്തകൾ എന്നിവയെ ഇല്ലാതാക്കൂ. മൂന്നു ലോകങ്ങളുടെയും സാരമന്ത്രമാണ് നീ; ഭൂമിദേവിയുടെ ആഭരണമാലയാണ് നീ. അല്ലയോ ഗംഗാദേവി! ഈ സംസാരത്തിൽ നീ മാത്രമാണ് എനിക്കു അഭയം..



Comments