top of page

കുംഭമേളയിലെ അനുഭവങ്ങൾ

ree

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ പ്രയാഗ് രാജിലെ കുംഭമേളയിലായിരുന്നു. കുംഭമേളയിലെ എന്റെ അനുഭവങ്ങൾ അല്പം വിസ്തരിച്ചു തന്നെ പറയാം. അത് വായിക്കുമ്പോൾ നിങ്ങൾക്കും ത്രിവേണി സംഗമത്തിൽ പങ്കെടുത്ത് സ്നാനം ചെയ്ത അനുഭവും സങ്കൽപ്പവും ഉണ്ടാവട്ടെ എന്നാഗ്രഹിച്ചാണ് അങ്ങിനെ പറയാൻ ശ്രമിക്കുന്നത്.


ജനുവരി 14 നായിരുന്നു പ്രയാഗ് രാജ് കുംഭമേളയിലെ ആദ്യ അമൃത സ്നാനം, മുൻകാലങ്ങളിൽ ഷഹി സ്നാനം എന്നായിരുന്നു വിശേഷിപ്പിക്കാറെങ്കിൽ ഇനിമുതൽ ഇത് അമൃത് സ്നാനം എന്നാണറിയപ്പെടുക. ഞങ്ങൾ 11 ആം തിയ്യതിയിൽ തന്നെ കുംഭമേളയിൽ എത്തി. കുറച്ചു നേരത്തെ തന്നെ എത്തണം ഇല്ലെങ്കിൽ ക്യാമ്പിലേക്കെത്താൻ വിഷമമായിരിക്കും എന്ന് ശ്രിമഹന്ത് മുകേഷ്‌പുരി ബാബാ ആദ്യമേ അറിയിച്ചിരുന്നു. ഭാരതത്തിലെ 13 അഖാഡകളിൽ ഏറ്റവും വലിയ അഖാഡയായ ജൂന അഖാഡയിലെ ശ്രീ മഹന്ത് ആണ് മുകേഷ് പുരി ബാബ, കഴിഞ്ഞ കുറെ വര്ഷങ്ങളായി അദ്ദേഹത്തെ പരിചയമുണ്ട്. പ്രായത്തിൽ ഞങ്ങളെക്കാളൊക്കെ ഒരുപാട് ചെറുപ്പമാണ് അദ്ദേഹം. വളരെ നല്ല രീതിയിൽ വ്യവസ്ഥ ചെയ്തിരുന്ന ക്യാമ്പിലായിരുന്നു പിന്നീടുള്ള നാലഞ്ചു ദിവസം. ക്യാമ്പിലും നല്ല തിരക്കായിരുന്നു എങ്കിലും എല്ലാം ശാന്തമായിരുന്നു, വരുന്നവർക്കൊക്കെ വയറു നിറയെ ഭക്ഷണം, കുളിക്കാൻ ചൂടുവെള്ളം, ഇടയ്ക്കിടെ ചായയും കാപ്പിയും, കിടക്കാനും പുതക്കാനും രജായികൾ, വൃത്തിയുള്ള ശൗചാലയങ്ങൾ.. ഒരു കുംഭമേളയിൽ തയ്യാറാക്കാൻ പറ്റുന്നതിന്റെ പരമാവധി അവിടെ ചെയ്തിരുന്നു. എല്ലാദിവസവും കുറച്ചു സമയം മഹാപുരുഷന്മാരോടൊപ്പമുള്ള സത്സംഗം, സന്ധ്യക്ക് ആരതി, മറ്റു അഖാഡകളിലെ മഹാത്മാക്കളെ സന്ദർശിക്കൽ ഇതൊക്കെയായിരുന്നു ദിവസവും നടന്നിരുന്നത് എങ്കിലും

പ്രയാഗ് രാജ് കുംഭമേള എനിക്ക് സമ്മാനിച്ചത് ഒരുപാട് അനുഭവങ്ങളാണ്, ഒരുപാട് അത്ഭുതങ്ങളാണ്. ഒരോ നിമിഷവും ഒന്നിൽ നിന്നും വ്യത്യസ്തം. ബാക്കിയെല്ലാം മറന്ന് ഒഴുകി നടക്കുകയായിരുന്നു ആ ദിവസങ്ങൾ. മകര സംക്രാന്തി ദിവസത്തിലെ അമൃത് സ്നാനം, അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ, ദീക്ഷ ചടങ്ങുകൾ, മഹാപുരുഷന്മാരുടെ തപസ്സ് ഇതൊക്കെ വളരെ വലിയ പാഠങ്ങളും അനുഭവങ്ങളുമായിരുന്നു എങ്കിലും, എന്റെ മനസ്സിനെ സ്വാധീനിച്ചത് സന്യാസിമാർക്കിടയിലുള്ള ഗുരു ശിഷ്യ ബന്ധമാണ്. ഗുരുവിനൊപ്പമോ ഗുരുവിനേക്കാൾ ഉയരത്തിലോ ശിഷ്യൻ ഇരിക്കില്ല. സന്യാസത്തിൽ തന്നെക്കാൾ മൂത്തവരും ഗുരുതുല്യരാണ്, എന്നും ഗുരുവിന്റെ മുന്നിൽ അനുഗ്രഹം വാങ്ങിക്കാൻ വരുമ്പോഴുള്ള മാനസ പൂജയും അത് കഴിഞ്ഞ് ഗുരുവും ശിഷ്യനും കണ്ണിമവെട്ടാതെ പരസ്പരം നോക്കി നിൽക്കുന്നതും വളരെ ആശ്ചര്യത്തോടെയാണ് കണ്ടുനിന്നത്. അതുകണ്ട് അറിയാതെ എന്നോടും തൊഴുത്തുപോയി. എത്ര നിർമ്മലമാണ് ആ ഗുരു ശിഷ്യ ബന്ധം. ഞാൻ എപ്പോഴും എന്റെ ഗുരുനാഥന്റെയും മഹാപുരുഷന്മാരുടെയും കൂടെ ഇരിക്കാറുണ്ട്, ഒരിക്കൽ പോലും ഇത്ര വിനയമോ ബഹുമാനമോ കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല, മലയാളിയുടെ സ്വാഭാവികമായ ആ അഹന്ത എന്നെ അതിനനുവദിച്ചില്ല എന്നതാകും ഒന്നൂടെ ശരി.


കോടിക്കണക്കിനാളുകൾ വന്നിട്ടും പ്രയാഗ് രാജം മേള നഗിരിയും വളരെ വൃത്തിയും സുന്ദരിയുമായി തന്നെ ഇരിക്കുന്നു, പതിനായിരക്കണക്കിന് തൂപ്പുകാർ, ലക്ഷക്കണക്കിന് ശൗചാലയങ്ങൾ, വസ്ത്രം മാറാനുള്ള സ്ഥലങ്ങൾ, വായുമലിനീകരണം ഉണ്ടാകാത്തിരിക്കാനുള്ള വ്യവസ്ഥകൾ എന്നു വേണ്ട കൊടും തണുപ്പിനെ അകറ്റാനുള്ള വിറകും തീയും വരെ സർക്കാർ ഒരുക്കിയിട്ടുണ്ട്. റയിൽവേ സ്റ്റേഷനിൽ ട്രെയിൻ പുറപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുൻപ് മാത്രമേ പ്രവേശനമുള്ളൂ തുടങ്ങി വളരെ വലിയ സജ്ജീകരങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. 2013 ൽ അസം ഖാൻ ആയിരുന്നു കുംഭമേളയുടെ മന്ത്രി. അന്ന് 36 പേരാണ് തിക്കിലും തിരക്കിലും പെട്ട് പ്രയാഗ് രാജ് റയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ടത്, അങ്ങിനെ ഒന്ന് ആവർത്തിക്കാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും യോഗി സർക്കാർ ചെയ്യുന്നുണ്ട്.


അമൃത സ്നാനം ചെയ്യുന്നവർ തലേന്നുറങ്ങാൻ പാടില്ല എന്ന് മുകേഷ് പുരി ബാബാ പറഞ്ഞിരുന്നു. ഇഷ്ടമന്ത്രങ്ങളും ഭജനയുമൊക്കെയായി ഉറങ്ങാതെ ഇരിക്കണം എന്നതായിരുന്നു നിർദ്ദേശം. പുറത്തു അഖാഡയുടെ ധ്വജവും, ദേവതാ പ്രതിഷ്ഠയും, ആയുധ ശേഖരവും ഉണ്ട്, അവിടെ രാത്രിയിൽ ദീക്ഷയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കും, കഴിയുന്നതും ഗൃഹസ്ഥർ പോകാതിരിക്കുക, പോവുകയാണെങ്കിൽ തന്നെ ക്യാമറ പോലെയുള്ളവ ഉപയോഗിക്കാതിരിക്കുക, ഒരുപാട് മാദ്ധ്യമപ്രവർത്തകർ, വിദേശികൾ ഉൾപ്പെടെ ഈ ചടങ്ങിനു കാത്തു നിന്നതിനാൽ രഹസ്യമായുള്ള ചടങ്ങുകൾ അഖാഡക്കുള്ളിൽ രഹസ്യമായി തന്നെ നടന്നു. അതു കഴിഞ്ഞുള്ള നാഗ സാധുക്കളുടെ ഒരു വരവുണ്ട്. ആനന്ദ നൃത്തമാടി, ആയുധങ്ങൾ വീശി, ഘോരട്ടഹാസത്തോടെ എല്ലാവരും വന്ന് ധ്വജത്തിനും ദേവതക്കും പ്രണാമം അർപ്പിച്ചു അതിനെ വലം വയ്ക്കുന്ന ചടങ്ങുകൾ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ആർത്തട്ടഹസിച്ച്, ആയുധങ്ങൾ ഉയർത്തിപ്പിടിച്ച്, ഹര ഹര മഹാദേവ് വിളിച്ച് ഉഗ്ര രൂപിയായ മഹാദേവനായിട്ടാണ് ഓരോ നാഗസാധുവും വരുന്നത് എന്ന് തോന്നും. എനിക്ക് ഏറ്റവും അഭിമാനവും ആശ്ചര്യവും തോന്നിയത്, ഈ ഘോര ഭാവത്തിലും അവർ സമാജ് കി ജയ്, സമാജ് സേവാ കി ജയ്, സനാതന ധർമ്മ കീ എന്നൊക്കെ വിളിക്കുന്നത് കേട്ടപ്പോഴാണ്. 13 ആം തിയ്യതി രാത്രി തുടങ്ങിയ ഘോര ആനന്ദ നൃത്തം പിറ്റേന്ന് ഉച്ചക്ക് അമൃത സ്നാനം കഴിഞ്ഞു തിരിച്ചു അഖാഡയുടെ ധ്വജത്തിന്റെ താഴെ എത്തുന്നത് വരെ തുടർന്നു. ഇപ്രാവശ്യം ജൂന അഖാഡയ്ക്ക് സ്നാനത്തിനായി അനുവദിച്ച സമയം രാവിലെ 8 മണി ആയിരുന്നെങ്കിലും അതി ഭയങ്കരമായ ജനതിരക്ക് കാരണം കുറച്ചു കഴിഞ്ഞാണ് തുടങ്ങിയത്. സ്നാനത്തിനുള്ള ഘോഷയാത്ര ആരംഭിക്കാനുള്ള സൂചന കിട്ടിയപ്പോഴുള്ള ആർപ്പുവിളികളും മഹാദേവ മന്ത്രങ്ങളും ആകാശത്തേക്കുയർന്നു. നഗ്നരായ നാഗസാധുക്കൾ, അവരുടെ പിറകിലായി ലങ്കോട്ടിയണിഞ്ഞ നാഗസാധുക്കൾ, അവരുടെ പിറകിൽ സന്യാസിമാരും, മഹിളാ നാഗ സാധുക്കളും, ഏറ്റവും പിറകിലായി ഗൃഹസ്ഥന്മാരും അങ്ങിനെ ആയിരുന്നു ഘോഷയാത്ര നിശ്ചയിച്ചത്. ഇതിന്റെ ഇടയിലായി മഹാമണ്ഡലേശ്വരൻമാരുടെയുടേയും മറ്റും രഥങ്ങളും ഉണ്ട്. അഖാഡയുടെ ഉള്ളിൽ താമസിക്കാൻ ഭാഗ്യം ലഭിച്ചതിനാൽ ഞങ്ങൾക്കും സന്യാസിമാരുടെയും നാഗ സാധുക്കളുടേയുമൊക്കെ കൂടെ സ്നാനത്തിനു പോകാനുള്ള ഭാഗ്യം ലഭിച്ചു. ഇതിൽ എനിക്ക് കിട്ടിയ ഒരു മഹാഭാഗ്യം പറയാതെ വയ്യ. എല്ലാവരും ആർത്തട്ടഹസിച്ചുകൊണ്ട് ത്രിവേണി സംഗമത്തിലേക്ക് ഓടുകയാണ്, ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്താണ് സംഗമ സ്ഥാനം. ഗംഗാ നദിയുടെ മുകളിൽ താൽക്കാലികമായി കെട്ടിയുയർത്തിയതാണ് ടെന്റുകളും പാലങ്ങളും, റോഡുകളും എല്ലാം. അങ്ങിനെയുള്ള റോഡിലൂടെയാണ് പതിനായിരക്കണക്കിന് സന്യാസിമാരും പൊതുജനങ്ങളുമൊക്കെ സ്നാനത്തിന് പോകുന്നത്, അതി ഭയങ്കരമായ തിരക്ക്, ചില സ്ഥലങ്ങളൊക്കെ നല്ല തിക്കും തിരക്കും ഉണ്ടായിരുന്നു. കുറെ പ്രായമായ നാഗ സാധുക്കളായ അമ്മമാരും ഇതിനിടയിൽ ഉണ്ട്, ഒരുപക്ഷെ 80 വയസ്സു കഴിഞ്ഞവർ വരെ അതിലുണ്ട്, അവരും കഴിയാവുന്നത്ര വേഗത്തിൽ ഓടുകയാണ്. അവർ തിക്കിലും തിരക്കിലും പെടാതിരിക്കാൻ ഞങ്ങൾ കുറച്ചുപേർ വളരെ ശ്രദ്ധിച്ചിരുന്നു, അതുകൊണ്ടൊക്കെയാവാം, അതിൽ വളരെ പ്രായമായ ഒരു അമ്മ എന്റെ കയ്യും പിടിച്ചു എന്നെ വളരെ മുന്നിൽ കൊണ്ടാക്കി തന്നു. തലമുടിയും ശരീരവും വെളു വെളുങ്ങനെ വെളുത്ത ഒരു മുത്തശ്ശിയമ്മ. അവർ വിദേശിയാണോ, പാണ്ട് പിടിച്ച് ആ നിറം വന്നതാണോ എന്നറിയില്ല, അവർ എന്തിനങ്ങിനെ ചെയ്തു എന്നും അറിയില്ല, അവർ അങ്ങിനെ ചെയ്തത് കൊണ്ട് ഒരു തിരക്കിലും പെടാതെ ഞാൻ യാത്രയുടെ മുൻഭാഗത്തു ജൂന അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വർ ആയ പൂജ്യ മഹന്ത് അവദേശനന്ദ ഗിരി മഹാരാജാവിന്റെ അടുത്ത്, ഏകദേശം അദ്ദേഹത്തോടൊപ്പം തന്നെ സ്നാനം ചെയ്യാനുള്ള മഹാ ഭാഗ്യം ലഭിച്ചു. ആദ്യം ധ്വജം, പിന്നെ ദേവത, അതുകഴിഞ് സാധുക്കളും മറ്റുള്ളവരുടെയും സ്നാനം അതാണ് കണക്ക്. പതിനായിരക്കണക്കിന് തപസ്വികളായ സാധുക്കളുടെ കൂടെ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാൻ കാണുന്നു.


സ്നാനം കഴിഞ്ഞതിലുള്ള സന്തോഷം നാഗസാധുക്കളുടെ പ്രകടനത്തിൽ നിന്നും വ്യക്തമായിരുന്നു. അവർ മറ്റൊന്നും അറിയുന്നില്ല, കാണുന്നുമില്ല. ലോകം മുഴുവനുമുള്ള ആയിരക്കണക്കിന് ക്യാമെറകൾ ചുറ്റുമുണ്ട്. ചിലരൊക്കെ പത്രക്കാരോട് മറുപടിയൊക്കെ പറയുന്നുണ്ട് എങ്കിലും ഭൂരിഭാഗം പേരും അതൊന്നും ശ്രദ്ധിക്കുന്നേയില്ല, അവർ ആത്മീയതയുടെ ആനന്ദത്തിലായിരുന്നു. തിരിച്ചു പോകുന്ന വഴിയുടെ ഇരുവശത്തും ബാരിക്കേഡിന് പുറത്തായി പതിനായിരക്കണക്കിന് ജനങ്ങൾ മഹാദേവ മന്ത്രങ്ങളോടെ തൊഴു കയ്യോടെ നാഗ സാധുക്കളെ സ്വീകരിക്കുന്നു. അവർ ചവിട്ടിയ മണ്ണ് വാരിയെടുക്കുന്നു, അവരുടെ അനുഗ്രഹം കിട്ടാനായി തലകുനിച്ചു നിൽക്കുന്നു, അവരുടെ കാൽ തൊട്ടു വന്ദിക്കാൻ തിരക്ക് കൂട്ടുന്നു. ഒരമ്മ ഒരു കൊച്ചു കുഞ്ഞിനെയുമെടുത്ത് നിൽക്കുന്നത് കണ്ട് നഗ്നനായ ഒരു വൃദ്ധ സാധു ഓടുന്നതിനിടയിൽ ഒന്നുനിന്ന്, തന്റെ തലമുടിയിലെ വെള്ളമെടുത്തു ആ കുഞ്ഞിന്റെ തലയിൽ തൊട്ടനുഗ്രഹിച്ചിട്ടു ഉച്ചത്തിൽ പറഞ്ഞു, "ഹം യെ സബ് കർരഹെഹി സിർഫ് തുമാരെലിയെ”. ഞങ്ങൾ ഈ തപസ്സൊക്കെ ചെയ്യുന്നത് നിങ്ങൾക്ക് വേണ്ടി മാത്രമാണ് എന്ന്. അതു കേട്ടപ്പോൾ എനിക്ക് കണ്ഠമിടറിയത് പോലെ തോന്നി, കണ്ണു നിറഞ്ഞു വന്നു. ആ മഹാപുരുഷന്റെ മുഖം ശ്രദ്ധിക്കാൻ എനിക്ക് പറ്റിയില്ല, പറ്റിയിരുന്നെങ്കിൽ ഒന്നു പോയി കാൽ തൊട്ടു വന്ദിക്കമായിരുന്നു.


ഇതാണ് കുംഭമേള, ഇതാണ് സനാതന ധർമ്മം, ഇതാണ് ഈ ഭാരത ദേശം. ത്യാഗമാണ് ഭാരതത്തിന്റെ ലക്ഷണം, അതിന്റെ നിലനിൽപ്പ് പോലും കോടിക്കണക്കിനു വരുന്ന താപസ്സന്മാരുടെ ത്യാഗം കൊണ്ടു മാത്രമാണ്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ആക്രമണങ്ങളും വഞ്ചനകളും പ്രലോഭനങ്ങളുമൊക്കെയായി വന്നിട്ടും ഇന്നും ഈ ധർമ്മം ഇവിടെ നിലനിൽക്കുന്നത് ഈ മഹാപുരുഷന്മാരുടെ ത്യാഗം ഒന്നു കൊണ്ട് മാത്രമാണ്.


സന്യാസിമാരുടെ ത്യാഗത്തിന്റെ ചെറിയ ഒരു പ്രദർശന നഗരി കൂടിയാണ് കുംഭ മേള.

നഗ്നനായി എന്തിന് ജീവിതം മുഴുവൻ ഹിമാലയത്തിൽ കഴിയുന്നു എന്നു ചോദിച്ചപ്പോ, സമൂഹത്തിനു വേണ്ടി നമ്മൾ ഇത്രയെങ്കിലും ചെയ്യണം എന്നാണ് ഒരു മഹാപുരുഷൻ മറുപടി പറഞ്ഞത്. ഒരിക്കലും രാത്രി ഉറങ്ങാത്ത സന്യാസിയെ നമുക്ക് കുംഭമേളയിൽ കാണാം, അദ്ദേഹം ഒന്നോ രണ്ടോ മണിക്കൂർ മാത്രം പറ്റുമെങ്കിൽ പകൽ ഉറങ്ങും, കഴിഞ്ഞ 20 വർഷത്തോളമായി ഇങ്ങിനെയാണ്. ഭക്തരെ കാണാൻ ഇഷ്ടമാണ് , അതുകൊണ്ട് ഇടയ്ക്കിടെ അവരെ കാണാൻ വരും. അവർക്ക് വേണ്ടിയാണ് എന്റെ ജീവിതം, ത്യാഗമെന്നു നിങ്ങൾ പറയുന്നതെല്ലാം അവർക്ക് വേണ്ടിയാണ്. അദ്ദേഹം പറഞ്ഞു.

തലയിൽ ധാന്യങ്ങൾ വളർത്തുന്ന ഒരു നാഗസന്യാസി, സമൂഹത്തിൽ പ്രകൃതിയുടെ സന്ദേശം നല്കാൻ വേണ്ടി സ്വയം സസ്യമായി ജീവിക്കുന്നു എന്നാണ് മറുപടി പറഞ്ഞത്. തലയിൽ വളരുന്നതൊക്കെ എന്റെ മക്കളാണ്, അതുകൊണ്ട് തന്നെ കിടന്ന് ഉറങ്ങാറില്ല, ഉറങ്ങിയാൽ എന്റെ കുട്ടികൾക്ക് കേടുപാടുകൾ പറ്റും. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി വലതു കൈ ഉയർത്തി നടക്കുന്ന ബാബ, എന്തിനു ചെയ്യുന്നു എന്നു ചോദിച്ചപ്പോ, ഗുരുവിനു വേണ്ടി സമാജത്തിനു വേണ്ടി എന്നു തന്നെ ഉത്തരം. ഒരു കൈ ഉയർത്തി വര്ഷങ്ങളോളം കഠിന തപസ്സ് ചെയ്യുന്ന രണ്ടുമൂന്നു നാഗ സാധുക്കളെ കുംഭമേളയിൽ കണ്ടു. നടക്കാൻ ഒരു കാൽ മാത്രം ഉപയോഗിക്കുന്ന മറ്റൊരു ബാബാ, മറ്റേ കാൽ മടക്കി വച്ച് പകരം ഒരു വടി കുത്തി ലോകം മുഴുവൻ സഞ്ചരിക്കുന്നു. ദീക്ഷ കിട്ടിയപ്പോ എടുത്ത ശപഥം അല്ലെങ്കിൽ തപസ്സ്.


ഗംഗാപുരിയെന്ന ചോട്ടു ബാബ, നാലടിയിൽ താഴെ മാത്രമാണ് ആ മഹാപുരുഷന്റെ ഉയരം, അത് ഒരു കുറച്ചിലായി തോന്നുന്നുണ്ടോ എന്നു ചോദിച്ചപ്പോ ഇതെന്റെ അഭിമാനമാണ് എന്നായിരുന്നു മറുപടി. കഴിഞ്ഞ 35 വർഷമായി കുളിക്കാറില്ല, എന്നാലും വളരെ പ്രസന്നനായി വൃത്തിയായി ഇരിക്കുന്നു. ദീക്ഷ കൊടുക്കുമ്പോ ഗുരുനാഥൻ കൊടുത്ത ശിവലിംഗം 35 വർഷമായി കൂടെ കയ്യിൽ കൊണ്ടു നടക്കുന്നു. മനുഷ്യന്റെ തലയോട്ടിയിലാണ് ഭക്ഷണം പോലും, ദണ്ഡായി കയ്യിൽ മനുഷ്യന്റെ തന്നെ എല്ലും. ജീവിതകാലം മുഴുവൻ ശ്മശാനത്തിൽ ജീവിക്കുന്നു, ബംഗാളിയായത് കൊണ്ടു മീൻ കഴിക്കാറുണ്ട്, മറ്റു മാംസങ്ങൾ ഒന്നും കഴിക്കാറില്ല. സന്യാസം എടുത്തു കഴിഞ്ഞാൽ എല്ലാം നഷ്ടമാകില്ലേ എന്ന് ചോദിച്ചപ്പോ സന്യാസത്തിനു ശേഷം എല്ലാം ലഭിക്കുന്നു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മേളയിലുള്ള എല്ലാവരും അങ്ങയെ അന്വേഷിച്ചു നടക്കുന്നു എന്ന് പറഞ്ഞപ്പോ അവർ എന്നെയല്ല ഞാൻ അവരെയാണ് അന്വേഷിക്കുന്നത് എന്ന് മറുപടി. എന്തുകൊണ്ട് കുളിക്കുന്നില്ല എന്നു ചോദിച്ചപ്പോ അറിയില്ല, ഒരുദിവസം എഴുന്നേറ്റപ്പോ അങ്ങിനെ തീരുമാനിക്കണം എന്നു തോന്നി അത്രതന്നെ. മനസ്സിലൊരു സങ്കല്പം ഉണ്ട്, അത് പൂർത്തിയായാൽ ഉജ്ജയിനിയിലെ ക്ഷിപ്ര നദിയിൽ പോയി സ്നാനം ചെയ്യും. അവിടെനിന്നാണ് എനിക്ക് ദീക്ഷ ലഭിച്ചതും.


തലയിൽ രണ്ടു ലക്ഷത്തിനു മേലെ രുദ്രാക്ഷം ധരിച്ചു ജീവിതകാലം മുഴുവൻ നടക്കുന്ന മറ്റൊരു ബാബാ, ചുരുങ്ങിയത് ഒരു അഞ്ചു കിലോയെങ്കിലും ഭാരമുണ്ടാകും. ഒരിക്കലും ഇരിക്കുകയോ കിടക്കുകയോ ചെയ്യാത്ത മറ്റൊരു മഹാത്മാവ്, അദ്ദേഹം ഉറങ്ങുന്നതും സൗച്ചം ചെയ്യുന്നതുമെല്ലാം നിന്നു കൊണ്ടാണ്. ദേവതകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ, വഴിയിൽ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ക്യാമ്പയിനുമായി നിരന്തരം യാത്ര ചെയ്യുന്ന ബുള്ളറ്റ് ബാബാ, ഏറ്റവും ആധുനികമായ മാക് ബുക്കും ഐ ഫോണും സോഷ്യൽ മീഡിയകളും ഉപയോഗിച്ച് ധർമ്മം പ്രചരിപ്പിക്കുന്ന ടെക്കി സന്യാസിമാർ, ഏതുസമയത്തും തലയിൽ ഒരു വെള്ളരിപ്രാവുമായി യാത്രചെയ്യുന്ന ബാബാ!! ഇങ്ങിനെയുള്ള മഹാ പുരുഷന്മാരുടെ പ്രദർശന നഗരി കൂടിയാണ് കുംഭമേള, കാണാൻ അതിനു യോജിച്ച കണ്ണുകളും, മനസ്സിൽ അനുയോജ്യമായ പാത്രങ്ങളും ഉണ്ടാകണം എന്നുമാത്രം.

എന്തിനിതൊക്കെ എന്ന് ചോദിച്ചാൽ എല്ലാവര്ക്കും ഒറ്റ ഉത്തരം മാത്രം സമാജത്തിനു വേണ്ടി, സനാതനധർമ്മത്തിനു വേണ്ടി, ഈ ഭാരത ദേശത്തിന്റെ നിലനിൽപ്പിനു വേണ്ടി തപസ്സ് ചെയ്യുന്നു!


ശൈവ, വൈഷ്ണവ, ശാക്തേയ, ഗണപത്യ, ബുദ്ധ, ജൈന സിഖ് അങ്ങിനെ എല്ലാ സമ്പ്രദായങ്ങളും ഇവിടെ ഒന്നായി സനാതന ധർമ്മത്തിന്റെ മക്കളായി കുംഭമേളയിൽ ഒത്തുചേരുന്നു. കുംഭമേളയിൽ നിൽക്കുമ്പോ ഈ മണ്ണിൽ ജനിച്ചതിൽ, സനാതന ധർമ്മത്തിന്റെ ഭാഗമായതിൽ അഭിമാനം തോന്നും, ആർക്കും. പ്രയാഗ് രാജിൽ വന്ന്, കുംഭമേളയിൽ സ്നാനം ചെയ്തു മടങ്ങുന്ന ഓരോ ഭാരതീയനും തന്റെ ധർമ്മത്തിന്റെ, തന്റെ പൈതൃകത്തിന്റെ മഹിമയിൽ അഭിമാനിയാകും, ഉറപ്പ്. കോടിക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ എങ്ങും തിരക്കാണ്, ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് നടക്കുക പോലും പലപ്പോഴും കഠിനമാണ്, എന്നാൽ പ്രയാഗ് രാജ് വളരെ ശാന്തമാണ്, ഈ നാടിൻറെ സ്വഭാവമങ്ങിനെയാണ്. അതാണ് ഈ ധർമ്മത്തിന്റെ മഹത്വവും. ഹര ഹര മഹാദേവ..

 
 
 

Comments


bottom of page