top of page

Kedarnath temple

ree

കേദാര്നാഥിലേക്കുള്ള യാത്രാ മദ്ധ്യേ കാർ ഓടിക്കുന്നിതിനീടയിൽ ഡ്രൈവർ ഒരു കാര്യം ചോദിച്ചു. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പണവും സ്വത്തുമൊക്കെയായി ഒരു പത്തു കോടി രൂപ സംബന്ധിച്ചു എന്നു വിചാരിക്കുക, മരിക്കുന്നതിന് മുൻപ് ആ സ്വത്തെല്ലാം നിങ്ങളുടെ മകന് കൊടുത്തു. മരണ ശേഷം നിങ്ങൾ പുനർ ജനിച്ച് അതെ മകന്റെ അടുത്ത് പോയാൽ അയാൾ നിങ്ങൾക്ക് അതിൽനിന്നും അഞ്ഞൂറ് രൂപ പോലും തരില്ല. നിങ്ങൾക്കയാളെയും അയാൾക്ക് നിങ്ങളെയും പരസ്പരം തിരിച്ചറിയുക പോലുമില്ല. ഇത്രയേ ഉള്ളൂ, ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടോടുന്നതിന്റെ ഫലം. തമാശയായിട്ടാണെങ്കിലും അയാൾ പറഞ്ഞതിൽ കാര്യമില്ലാതില്ല. ഏതു നിമിഷവും ഇടിഞ്ഞുപോകാവുന്ന വഴികൾ, ഒരിഞ്ചു തെറ്റിയാൽ ഒന്നുരണ്ടായിരം അടി താഴെ വീഴാൻ സാധ്യതയുള്ള റോഡുകൾ, ഏതു നിമിഷവും വലിയ പാറക്കെട്ടുകൾ വാഹനത്തിന്റെ മേലെ വീഴാം. യാത്രയിൽ ഉടനീളം വലിയ കല്ലു വീണതും, റോഡ് ഒലിച്ചുപോയതുമൊക്കെ നമുക്ക് കാണാം.. അങ്ങിനെയുള്ള വഴിയിലൂടെയാണ് നിത്യവും ഇവർ വണ്ടി ഓടിക്കുന്നത്. അശേഷം കൂസലില്ലാതെ. പേടിയില്ലേ എന്ന ചോദിച്ചതിനുള്ള മറുപടിയാണ് മേലെ പറഞ്ഞ കഥ. ജയ് കേദാർ! എല്ലാം കേദാർനാഥൻ നോക്കിക്കൊള്ളും, ഭയപ്പെടേണ്ട ആവശ്യമേ ഇല്ല, ഡ്രൈവർ സുനിൽ ചൗധരി എന്ന ടാക്സി ഡ്രൈവർ പറഞ്ഞു.


ഞങ്ങൾ നാലുപേർ ചേർന്ന് പെട്ടന്ന് തീരുമാനിച്ച യാത്രയായിരുന്നു ഉത്തരാഖണ്ഡിലെ ചോട്ട ചാർധാം യാത്ര. യാത്രാമദ്ധ്യേ ട്രെയിനിൽ വച്ചു പരിചയപ്പെട്ടവർ. ചോട്ടാ ചാർ ധാം യാത്രയിൽ ഏറ്റവും കഠിനമായ യാത്രയും കേദാര്നാഥിലേക്കുള്ളതാണ്. ചുരുങ്ങിയത് 16 കിലോമീറ്ററെങ്കിലും കുത്തനെ, ഇടുങ്ങിയ വഴികളിലൂടെ, ഓക്സിജൻ കുറവുള്ള ഹിമാലയൻ താഴ്വരയിലെ പർവ്വത നിരയിലേക്ക് നടന്നു കയറണം. യാത്ര സോനാ പ്രയാഗിൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ 22 കിലോമീറ്റർ നടക്കണം. എന്നാൽ അവിടുന്ന് ഗൗരി കുണ്ഡ് വരെ ഇന്ന് ടാക്സി സൗകര്യം ഉണ്ട്, അങ്ങിനെ യാത്ര ചെയ്യുമ്പോൾ അഞ്ചു കിലോമീറ്റർ നടത്തം കുറഞ്ഞു കിട്ടും, എന്നാൽ നടക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. ലോകത്തിലെ ഏക തലയില്ലാത്ത ഗണപതിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമായ മുണ്ട്കട്ടിയ ക്ഷേത്രം സോനാ പ്രയാഗിനും ഗൗരി കുണ്ടിനും ഇടയിലാണ്. കൂടാതെ ശിവ പാർവ്വതി വിവാഹം നടന്നു എന്നു വിശ്വസിക്കുന്ന ത്രിയുഗി നാരായൺ ക്ഷേത്രവും ഗൗരി കുണ്ഡിനടുത്തായി ഉണ്ട്. കേദാർ മലമുകളിലേക്ക് കുതിര സവാരിയുണ്ട്. അതും വളരെ കഠിനമാണ് എന്നാണ് യാത്ര ചെയ്തവർ പറയുന്നത്. പ്രായമുള്ള അമ്മമാർ വളരെ ഭയത്തോടെ ഇരിക്കുന്നത് കാണാം, കുതിര സ്വന്തം ഇഷ്ടത്തിന് റോഡിൻറെ അറ്റത്തുകൂടെയൊക്കെ പോകുമ്പോൾ പേടിച്ചു വിറക്കുമത്രേ, പിന്നെ ഇടയ്ക്കിടെ കുതിരക്കും കാൽ വഴുതും. അതും വല്ലാതെ പേടിപ്പിക്കുന്നതാണ്. കുതിര സവാരിയല്ലാതെ നാലുപേർ ചേർന്ന് ചുമക്കുന്ന പല്ലക്കും ഒരാൾ തനിച്ചു പിന്നിൽ ചുമന്നു കൊണ്ടുപോകുന്ന ബാസ്കറ്റുമൊക്കെ ഓപ്ഷൻസ് ആണ്. കുറച്ചൂടെ പൈസ ചെലവാക്കാൻ പറ്റുമെങ്കിൽ ഹെലികോപ്റ്ററിൽ പോകാം, അതാവുമ്പോ സമയ ലാഭവും ഉണ്ട്.


ഞങ്ങൾ കേദാര്നാഥിലേക്കുള്ള നടത്തം തുടങ്ങി. തുടക്കത്തിൽ തന്നെ മുണ്ട്കട്ടിയ ഗണേശ ക്ഷേത്രത്തിലേക്കാണ് പോയത്, പ്രധാന വഴിയിൽ നിന്നും മാറി ഒരു 300 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം. ഒരു ചെറിയ ക്ഷേത്രം എന്നാൽ ഭൂമിയിൽ അങ്ങിനെ വേറെ ക്ഷേത്രം ഇല്ല താനും. പരമേശ്വരൻ ഗണേശന്റെ തല വെട്ടിമാറ്റിയപ്പോൾ ഉള്ള സങ്കല്പമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രം വഴി കാടിനുള്ളിലൂടെ ഗൗരി കുണ്ടിലേക്ക് ഒരു വഴിയുണ്ട്, ഞങ്ങൾ അതുവഴിയാണ് പോയത്. കാട്ടിലൂടെ നടന്ന് വെള്ളച്ചാട്ടത്തിലോക്കെ കുളിച്ച് അങ്ങിനെ രസമുള്ള രാത്രയായിരുന്നു. എന്നാൽ മണ്ണിടിഞ്ഞ് ജീവിതം തന്നെ അപകടപ്പെടുത്തിയാണ് വഴിയിലെ ചില ഭാഗങ്ങൾ. അങ്ങിനെ രാവിലെ 10 മണിക്ക് ആരംഭിച്ച യാത്ര കേദാർ നാഥന്റെ നടയിലെത്താൻ എടുത്തത് ഏകദേശം 12 മണിക്കൂറാണ്. ഉച്ചയ്ക്ക് വെയിൽ, വൈകിട്ടാവുമ്പോഴേക്കും മഴ, മഴയെന്നാൽ മഞ്ഞുപോലെ തണുത്ത മഴ, രാത്രയായപ്പോഴേക്കും കൊടും തണുപ്പും. ക്ഷേത്ര നടയിൽ എത്തിയതോടെ വല്ലാത്തൊരു സുഖം തോന്നും, മറ്റെല്ലാം നമ്മൾ മറക്കും, അതുവരെയുണ്ടായ വേദനകൾ, കഷ്ടപ്പാടുകൾ എല്ലാം...ക്ഷേത്രമുറ്റത് ശാന്തമായി ചമ്രം പടിഞ്ഞിരുന്നാൽ കിട്ടുന്ന ആനന്ദം അനുഭവിച്ചാലേ അറിയുള്ളൂ.. ചുറ്റിലും തീർത്ഥാടകർ, ഒരുപാട് കാഷായ വസ്ത്ര ധാരികൾ, ഇതിൽ ആരൊക്കെ യോഗികൾ ഉണ്ട് മഹാത്മാക്കൾ ഉണ്ട് എന്ന് തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ല. ആറുമാസം മനുഷ്യരും ബാക്കി ആറുമാസം ദേവന്മാരും ആരാധിക്കുന്ന ഈ ക്ഷേത്രമുറ്റത്ത് മഹാത്മാക്കൾ ഒരുപാടുണ്ടാകും ഉറപ്പ്. ശരിക്കും ഭൂമിയിലെ സ്വർഗമാണ് കേദാർനാഥ്!. ഭക്തിയുള്ളവനും ഭക്തിയില്ലാത്തവനും ഇവിടുത്തെ പ്രത്യേകത മനസ്സിലാകും. നാലുഭാഗത്തും ഹിമാലയ പര്വതങ്ങൾ, പലയിടങ്ങളിലായി വെള്ളച്ചാട്ടങ്ങളും നീരുറവകളുമായി ഒഴുകിവരുന്ന മന്ദാകിനി നദി. കുറച്ചു ദൂരെ ഉയരത്തിൽ കാവൽ ദേവനായി ഭൈരവ ക്ഷേത്രം.. എങ്ങും നാമ മന്ത്രങ്ങളും മണിനാദങ്ങളും. ഒപ്പം തണുത്ത് വിറങ്ങലിച്ചു പോകുന്ന കാറ്റും. പ്രകൃതി ഭംഗിയും ആദ്ധ്യാത്മികമായ സുഖവും ഒത്തു ചേർന്നപ്പോ മനസ്സ് ശാന്തമായി, ശൂന്യമായി. നമ്മളെ തന്നെ മറന്ന് പ്രാണവാകാരത്തിലെ ശൂന്യത നമ്മൾ ആസ്വദിക്കാൻ തുടങ്ങും. ഇത് സ്വർഗ്ഗമല്ലാതെ മറ്റെന്ത്.


ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഏറ്റവും ഉയരത്തിലുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കേദാർനാഥ്, ആദിയോഗിയുടെ ദർബാർ. മനസ്സുരുകി ചോദിച്ചാൽ കേദാർ നാഥൻ തന്നിരിക്കും എന്നാണ് പ്രദേശവാസികൾ പറയുക. പന്ത്രണ്ട് ജ്യോതിർലിംഗ ശിവ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരത്തിലുള്ള ക്ഷേത്രം. 3,583 മീറ്റർ അതായത് ഏകദേശം 12,000 അടി ഉയരത്തിൽ. പഞ്ച കേദാർ ക്ഷേത്രങ്ങളായ കേദാർനാഥ്, രുദ്രനാഥ്, കൽപേശ്വർ, മദ്ധ്യേശ്വർ, തുങ്കനാഥ്‌ എന്നിവയിൽ പ്രധാനി. അഞ്ചു നദികളുടെ സാനിധ്യം കൂടിയുള്ള പവിത്ര പ്രദേശമാണ് കേദാർ. മന്ദാകിനി, മധുഗംഗ, ചീർ ഗംഗ, സരസ്വതി, സ്വര്ണഗൗരി എന്നിവയാണവ. ഇതിൽ മന്ദാകിനി നദിയുടെ തീരത്താണ് കേദാർ. ഏകദേശം 1200 വർഷത്തെ പഴക്കമുണ്ട് കേദാർ നാഥ ക്ഷേത്രത്തിന്. നാനൂറ് വര്ഷങ്ങളോളം മഞ്ഞിൽ മൂടിക്കിടന്ന ക്ഷേത്രം. പഞ്ചപാണ്ഡവന്മാർ ഭ്രാതഹത്യയിൽ നിന്നും ബ്രഹ്മഹത്യയിൽ നിന്നും മുക്തിനേടാനായി ശിവഭഗവാനെ പ്രാർത്ഥിച്ച് അനുഗ്രഹം നേടിയ സ്ഥലം. കേരളത്തിൽ നിന്നും യാത്ര ചെയ്ത് ആദിശങ്കരൻ പുനരുദ്ധാരണം ചെയ്ത ക്ഷേത്രം. പതിനാറാം വയസ്സിൽ എഴുത്ത് നിർത്തി, മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയായ ആദി ശങ്കരൻ സമാധിക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലവും കേദാർനാഥ് ആണെന്ന് വിശ്വസിക്കുന്നു. നരനാരായൺ മഹർഷി തപസ്സ് ചെയ്ത് പരമേശ്വരനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലം. അന്നത്തെ കാലത് ക്ഷേത്രം നിർമ്മിക്കാൻ വിശേഷപ്പെട്ട ഈ കല്ലുകൾ എങ്ങിനെ ഇത്ര ഉയരത്തിൽ എത്തിച്ചു എന്നത് ഇന്നും അത്ഭുതം ഉളവാക്കുന്ന കാര്യമാണ്. സിമന്റ് പോലെയുള്ള ഒന്നും ഉപയോഗിക്കാതെ വെറും കള്ളലുകൾ അടുക്കി വച്ചുണ്ടാക്കിയ ക്ഷേത്രം 1400 വർഷങ്ങൾക്ക് ശേഷവും കൂടുതൽ ഗരിമയോടെ തലയുയർത്തി നിൽക്കുന്നു എന്നത് ഭാരത വാസ്തു ശില്പ കലയുടെ പ്രാഗത്ഭ്യം കൂടെയാണ് ഉയർത്തിക്കാണിക്കുന്നത്. ക്ഷേത്രത്തിനകത് സ്വയം ഭൂവായ ശിവലിംഗവും പാർവതി ദേവീ പ്രതിഷ്ഠയും ഉണ്ട്, പഞ്ച പാണ്ഡവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിൽ ഉണ്ട്. 2013 ൽ ഉത്തരാഖണ്ഡിൽ ഒരു വലിയ പ്രളയം നടന്നു. അതിഭീകരമായ നാശനഷ്ടങ്ങൾ വരുത്തിയ ആ പ്രളയത്തിൽ കേദാർനാഥ ക്ഷേത്രവും സ്വയം ഭൂവായ ശിവലിംഗവും ഒഴികെ മറ്റെല്ലാം തകർന്നുപോയി. എങ്ങുനിന്നോ ഒലിച്ചു വന്ന ഒരു വലിയ കല്ല് ക്ഷേത്രത്തിന്റെ പിന്നിൽ പ്രദിക്ഷിണ വഴിയിൽ നിന്നും കുറച്ചു മാറി വന്ന് നിലയുറപ്പിച്ചു. അതുകൊണ്ട് തന്നെ ഉയരങ്ങളിൽ നിന്നും ശക്തിയോടെ ഒലിച്ചുവന്ന മണ്ണും വെള്ളവും വഴിമാറി ഒഴുകി ക്ഷേത്രത്തെ സംരക്ഷിക്കുകയായിരുന്നു. ഇന്നും നമ്മൾക്ക് ആ കല്ല് അവിടെ തന്നെ കാണാം, ഇതിനെ ഭക്തർ ഭീം ശില എന്നാണ് വിളിക്കുന്നത്. ബദ്രിനാഥിലെ മുഖ്യപൂജാരി കേരളത്തിൽ നിന്നാണെങ്കിൽ കേദാറിലെ മുഖ്യപൂജാരി കർണാടകത്തിലെ മൈസൂരിൽ നിന്നാണ്. രണ്ടുപേരെയും നിശ്ചയിച്ചത് ശങ്കരാചാര്യർ തന്നെ. ആദിശങ്കരന്റെ സ്മരണാർത്ഥം അവിടെ ഒരു വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത് രാജ്യത്തിനായി സമർപ്പിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഏറ്റവും ഇഷ്ടപ്പെട്ട തീർത്ഥാടന സ്ഥലങ്ങളിൽ ഒന്നാണിത്. പ്രധാനമന്ത്രിയായ ശേഷം അഞ്ചു തവണ അദ്ദേഹം ഇവിടെ ദർശനം നടത്തിയിട്ടുണ്ട്. 2019 ലെ ദീർഘമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം അദ്ദേഹം ധ്യാനത്തിനായി തിരഞ്ഞെടുത്തത് കേദാർനാഥ്‌ ഗുഹയാണ്.


ദീപാവലിക്ക്ശേഷം കേദാർനാഥ് ക്ഷേത്രം ആറുമാസത്തേക്ക് അടക്കും. മുഖ്യ പൂജാരി ക്ഷേത്രം അടച്ച് ഭഗവാന്റെ വിഗ്രഹം ഘോഷയാത്രയായി ഹുക്കിമട്ടിലെ ഓംകാരേശ്വർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു. അങ്ങിനെ ആറുമാസം ക്ഷേത്രം അടച്ചിടും. മെയ് മാസത്തിലാണ് നദ തുറക്കുക. ഈ ആറുമാസം ഓംകാരേശ്വർ ക്ഷേത്രത്തിലാണ് പൂജ. നടയടക്കുമ്പോൾ പുരോഹിതൻ ഒരു വിളക്ക് തെളിയിച്ചാണ് നടയടക്കുക, ആ വിളക്ക് ആറുമാസം കഴിഞ്ഞു നദ തുറക്കുന്നത് വരെ കത്തി നിൽക്കുന്നു എന്നത് കേദാർ നാഥന്റെ അത്ഭുതങ്ങളിൽ ഒന്നുമാത്രമാണ്.


കേദാർനാഥിലെ മാഹാത്മ്യങ്ങൾ പറഞ്ഞാൽ തീരില്ല. കേദാർനാഥിലെ ദർശനം പൂർവ്വ ജന്മങ്ങളിലെ പാപത്തിൽ നിന്നുപോലും മോചനം ലഭിക്കും എന്നാണ് വിശ്വാസം. കെദാർനാഥിലേക്കുള്ള തീർത്ഥാടനം ഒരു സാധാരണ തീർത്ഥയാത്രയല്ല; അത് ആത്മീയ ഉണർവും ആന്തരികമാറ്റത്തിന്റെയും ആഴമേറിയ അനുഭവമാണ്. മഞ്ഞുപുതഞ്ഞ മഹാപർവതങ്ങളാൽ ചുറ്റപ്പെട്ട്, ആത്മീയതയുടെ പ്രഭാവത്തിൽ നിൽക്കുമ്പോൾ, സമാധാനം, ദാർശനികത, ലക്ഷ്യബോധം എന്നിവയുടെ ദൈവികാവബോധം നമ്മൾക്ക് കൈവരുമെന്നുറപ്പ്. നമ്മുടെ കുഞ്ഞുങ്ങളെ സനാതനമൂല്യങ്ങളോടെ വളർത്തുമ്പോൾ, കെദാർനാഥിന്റെ മഹത്തായ കഥ അവരെ നിർബന്ധമായും പ്രചോദിപ്പിക്കട്ടെ. ഈ കഥ ആത്മവിശ്വാസത്തിന്റെ, ക്ഷമയുടെ, കരുത്തിന്റെ, വിശ്വാസത്തിന്റെ കാലാതീതമായ ശക്തിയെ കാണിച്ചു തരുന്നു, പ്രൗഢമായ പാരമ്പര്യമുള്ള ഈ നാട്ടിൽ ജീവിക്കാൻ പ്രചോദിപ്പിക്കുകയും ജീവിതത്തിൽ ദൃഢത നൽകുകയും ചെയ്യും..

 
 
 

Comments


bottom of page